Saturday, August 30, 2008

റമളാന്‍ ആശംസകള്‍

വിശുദ്ധിയുടെ പരിമളം പരത്തി പുണ്യ റമളാന്‍ സമാഗതമാകകുന്നു. പാപക്കറകള്‍ കഴുകിക്കളഞ്ഞ് സൃഷ്ടാവിന്റെ സാമിപ്യം കരഗതമാക്കാന്‍ അസുലാഭവസരമൊരുക്കുകയാണ്‌ റമളാന്‍. മനുഷ്യനില്‍ കുടിയിരിക്കുന്ന അധമവാസനകളെ കരിച്ചു കളയാനും ഉല്‍കൃഷ്ടതയുടെ ഉന്നതവിഹായസ്സിലേക്ക് ചിറകടിച്ചുയരാനും വ്രതാനുഷ്ടാനം വിശ്വാസിയെ പ്രാപ്തനാക്കുന്നു.ദുര്‍‌വിചാരങ്ങളും മോശമായ സംസാരങ്ങളും ഹീനമായ പ്രവര്‍ത്തികളും ഉപേക്ഷിക്കുമ്പോള്‍ മാത്രമേ ഒരാളുടെ വ്രതം പരിപൂര്‍ണ്ണമാകുന്നുള്ളൂ. പാവപ്പെട്ടവന്റെ വേദനകള്‍ അനുഭവിച്ചറിയാനും അവര്‍ക്ക് കാരുണ്യത്തിന്റെ സ്നേഹസ്പര്‍ശം നല്‍‌കാനും റംസാന്‍ സഹായിക്കുന്നു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി റമളാന്‍ വിരുന്നെത്തുമ്പോള്‍ മുഴുവന്‍ സഹൃദയര്‍ക്കും സ്നേഹോഷ്മളമായ റമളാന്‍ ആശംസകള്‍.

Saturday, August 2, 2008

വേദന പടര്‍ത്തുന്ന മരണങ്ങള്‍

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നത് നിഷേധിക്കാനാവാത്ത സത്യം. മരണത്തെ തോല്പ്പിക്കാനോ മരണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനോ നമുക്കസാധ്യം. വിരുന്നെത്തുന്ന മരണത്തിന്‌ കീഴടങ്ങാതെ നിവ്ര്‌ത്തിയില്ല. എങ്കിലും ചില മരണവാര്‍ത്തകള്‍ നമ്മെ വല്ലാതെ സ്പര്‍ശിക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കി അതു നമ്മെ വേട്ടയാടുന്നു. പുഷ്ക്കലമായ യൗവനത്തിലേക്ക് കാലൂന്നുമ്പോഴേക്കും ഇടറവീഴുന്നവര്‍, ജീവിതത്തിന്റെ വര്‍ണ്ണസ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പൊഴേക്കും പതിവഴിയില്‍വെച്ച് മരണം മാടിവിളിക്കുന്നവര്‍,ഇങ്ങനെ ദുഖ: സ്മ്രിതകള്‍ ബാക്കിയാക്കി നാലോളം പേര്‍ ഒരു വര്‍‌‍ഷത്തിനുള്ളില്‍ എന്റെ അയല്‍‌പക്കങ്ങളില്‍ നിന്ന് മരണത്തോടൊപ്പം നടന്നകന്നു.
ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ച് പോയതിനാല്‍ ദാരിദ്രത്തിന്റെ കയ്പ്നീര്‍ ആവോളം ആസ്വദിക്കാനവസരം ലഭിച്ചവനായിരുന്നു അവന്‍‌. ഇടയ്ക്കിടെ മനം മാറി താന്തോന്നികളായി ജീവിക്കുന്നവരായിരുന്നു മൂത്ത രണ്ട് സഹോദരന്മാരുമെന്നതിനാല്‍‌ പഠനം പാതി വഴിയിലുപേക്ഷിച്ച് ഉമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്‌ താങ്ങാവാന്‍‌ ചെറുപ്പത്തിലേ ജോലി തേടിയിറങ്ങേണ്ടീവന്നു അവന്‌. അതിനിടയിലും പൊതുപ്രവര്‍ത്തനത്തിനും സമയം കണ്ടെത്തി തന്നാലാവും വിധം സമൂഹത്തെ സേവിക്കാനും അവനായി. പ്രാരാബധങ്ങള്‍ ഒരോന്നായി നിര്‍‌വ്വഹിച്ചതിന്‌ ശേഷം ഏതൊരു യുവാവിന്റെയും സ്വപ്നമായ കുടുംബജീവിതത്തിന്റെ പൂവാടിയിലേക്ക് അവനും കാലെടുത്തുവെച്ചു. ആയിടക്കാണ്‌ അവനൊരു തലവേദന പിടിപെടുന്നത്. ആദ്യമൊന്നുമത് സാരമാക്കിയില്ല. പിന്നെപിന്നെ വേദന അസഹ്യമാവാന്‍ തുടങ്ങിയപ്പോള്‍ ആണ്‌ ഡോക്ടറെ സമീപിക്കുന്നതും ആ ഞെട്ടിക്കുന്ന സത്യം അവരറിഞ്ഞതും. തലച്ചോറീല്‍ കാന്‍‌സര്‍.രണ്ട് വര്‍ഷത്തോളം വേദനകള്‍ കടിച്ചമര്‍ത്തി രോഗത്തോട് മല്ലടീച്ച് ജീവിച്ചു. അതിനിടയില്‍ ദാംമ്പത്യവല്ലരിയില്‍ ഒരു സുന്ദരകുസുമം അവന്‌ കൂട്ടായെത്തിയിരുന്നു. ആ കുസ്ര്‌തിക്കുട്ടന്‌ ഒരു വയസ്സ് തികയുന്നതിന്‌ മുമ്പേ സ്വപനങ്ങള്‍ ഒരുപാട് ബാക്കിയാക്കി അവന്‍‌ ജീവിതത്തില്‍ നിന്ന് പടിയിറങ്ങി.
ഈ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാവുമ്പോഴേക്കുമാണ്‌ അടുത്തതെത്തിയത്.അവരുടെ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതേയുള്ളു. നാട്ടില്‍ അത്യാവശ്യം വരുമാനമൊക്കെയായി സംത്ര്‌പ്ത് ജീവിതം നയിക്കുന്നവര്‍. തന്റെ വീട്ടിലെ പെരുന്നാള്‍ സദ്യ കഴിഞ്ഞ് ഭാര്യവീട്ടില്‍‌ പോകാന്‍ ബൈക്കില്‍ യത്രതിരിച്ചതആയിരുന്നു അവര്‍. യാത്രാ മധ്യേ ഭാര്യ തലകറങ്ങി വീഴുന്നു. രണ്ട് ദിവസം ആശുപത്രിയില്‍‌. മൂന്നാം ദിവസംഅവളും പറന്നകന്നു, ജീവിച്ച് കൊതിതീരും മുമ്പേ . ലാളിച്ച് കൊതിതീരാത്ത പൊന്നോമനയെ തനിച്ചാക്കി. അമ്മിഞ്ഞ നുകര്‍‌ന്നു തരാന്‍‌ പൊന്നുമ്മയുടെ വരവും കാത്തിരിക്കുകയായിരിക്കുമാ പൈതല്‍.
അടുത്ത ദുരന്തത്തിലേക്ക് മാസങ്ങളുടെ ദൈര്‍‌ഘ്യമേ വേണ്ടീവന്നുള്ളൂ. വിവാഹ ജീവിതത്തിലേക്ക് കാലൂന്നിയിട്ട് മുന്ന് വര്‍ഷം തികഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടിതന്നെയാണ്‌ ഇവിടെയും വിധിക്ക് മുമ്പില്‍ കീഴടങ്ങിയത് . ആശുപത്രിയില്‍ പ്രവേശീപ്പിക്കപ്പെട്ട ഭര്‍ത്താവിന്റെ പെറ്റമ്മയ്ക്ക് കൂട്ടീരിക്കാന്‍ പോയതായിരുന്നു അവള്‍. എന്തോ അത്യാവശ്യത്തിന്‌ പുറത്തിറങ്ങി റോഡ് മുറീച്ച് കടക്കുമ്പോള്‍ എതിരെ വന്ന വാഹനം അവളുടെ ജീവന്‍ തട്ടിത്തെറിപ്പിച്ച് കടന്നു കളഞ്ഞു. എന്തെല്ലാം സ്വപ്നങ്ങളാണ്‌ ഒരു നിമിഷം കൊണ്ട് കരിഞ്ഞുണങ്ങിയത്. ജീവിച്ച് കൊതിതീരാതെ മരണം അവളെ കൂട്ടികൊണ്ട് പോകുമ്പോള്‍ ഉമ്മച്ചിയെ കാത്ത് അവിടെയുമിരിപ്പുണ്ട് ഒരു കുഞ്ഞുമോള്‍
ഒരാഴ്ച മാത്രം മുമ്പ് വീണ്ടും ദുരന്തം വിരുന്നെത്തിയിരിക്കുന്നു. വിവാഹം കഴിഞ്ഞ് ഏറെക്കഴിയും മുമ്പ്തന്നെ വിവാഹ മോചനം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയാണ്‌ ഇത്തവണ മരണം മാടിവിളിച്ചത്. വാടിക്കരിഞ്ഞ സ്വപ്നങ്ങള്‍ക്ക് എന്നെങ്കിലും വര്‍‌ണ്ണങ്ങള്‍ നല്‍‌കാന്‍‌ കഴിയുമെന്ന ശുഭാപ്തി വിശ്വാസവുമായി ഭാവിയെക്കുറിച്ച് മനോഹര സ്വപ്നങ്ങള്‍ നെയ്തിരുന്നവള്‍. എങ്കിലും മരണത്തിന്റെ വിളികേള്‍ക്കാതിരിക്കാന്‍ അവള്‍‌ക്കുമാവില്ലല്ലോ.ഉറങ്ങാന്‍ കിടന്നതായിരുന്നു അവള്‍. ഒരിക്കലും ഉണരാത്ത നിദ്രയുടെ അഗാധതയിലേക്കാണവള്‍ ഊളിയിടുന്നതെന്നാരും നിനച്ചില്ല. ദുഖത്തിന്റെയും നൊമ്പരങ്ങളുടെയും സാഗരമിരമ്പുമ്പോഴും കിളികൊഞ്ചലുമായി അവള്‍‌ക്കാശ്വാസമേകിയിരുന്ന കുഞ്ഞുവാവയെ തനിച്ചാക്കിയാണ്‌ അവളും യാത്രയായതെന്നത് വേദനപടര്‍ത്തുന്നു.പരേതാത്മാക്കള്‍ക്ക് ജഗദീശന്‍ നിത്യ ശാന്തി നല്‍‌കട്ടെ.